ചക്കരക്കൽ: വിദേശത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ലഹരിമാഫിയ സംഘത്തിലെ മൂന്നുപേരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കൽ കുളം ബസാർ സ്വദേശികളായ ജിസിൻ, ശ്രീലാൽ, അർഷാദ് എന്നിവരാണ് അറസ്റ്റിലായത്.


ഗൾഫിലേക്ക് മടങ്ങാനിരുന്ന ചക്കരക്കൽ കണയന്നൂർ സ്വദേശി മിദിലാജിന്റെ വീട്ടിൽ എത്തിച്ച പാർസലിലാണ് മയക്കുമരുന്ന് ഉണ്ടായിരുന്നത്. അച്ചാറിന്റെ പ്ലാസ്റ്റിക് ബോട്ടിലിൽ 2.6 ഗ്രാം എം.ഡി.എം.എയും 3.04 ഗ്രാം ഹാഷിഷ് ഓയിലും ഒളിപ്പിച്ചിരുന്നു.
അച്ചാർ കുപ്പിയിൽ സ്റ്റിക്കർ ഇല്ലാതിരുന്നതിനാൽ മിദിലാജിന്റെ ഭാര്യാപിതാവ് സംശയിക്കുകയും കുപ്പി തുറന്ന് പരിശോധിക്കുകയും ചെയ്തപ്പോഴാണ് മയക്കു മരുന്ന് കണ്ടെത്തിയത്.
ഇതിനെ തുടർന്ന് ചക്കരക്കൽ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. ചക്കരക്കൽ പോലീസ് ഇൻസ്പെക്‌ടർ എൻ.പി ഷാജിയും സംഘവും നടത്തിയ പരിശോധനയിലാണ് കവറിനുള്ളിൽ മയക്കുമരുന്നാണെന്ന് കണ്ടെത്തിയത്.
Chakkarakkal police arrest three members of a drug mafia gang who were trying to smuggle drugs abroad